ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്റര്‍ പിന്നിട്ടാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്. സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെയാണ് റഫാല്‍ പോര്‍ വിമാനങ്ങളുടെ വരവ്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങുക. ഇന്ത്യയിലേക്ക് പ്രവേശിച്ച പോര്‍വിമാനങ്ങളുടെ വീഡിയോ പുറത്തുവന്നു.
#WATCH: Five #Rafale jets in the Indian airspace, flanked by two Su-30MKIs (Source: Raksha Mantri’s Office) pic.twitter.com/hCoybNQQOv
— ANI (@ANI) July 29, 2020
റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ നാവികസേന സ്വാഗതം ചെയ്തു. പടിഞ്ഞാറന്‍ അറബിക് കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയുമായി റാഫേല്‍ വിമാനങ്ങള്‍ ആശയവിനിമയം നടത്തി. ‘പക്ഷികള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചു’ എന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.സുരക്ഷയുടെ ഭാഗമായി അംബാല വ്യോമസേന താവള പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 59,000 കോടി രൂപയുടേതാണ് കരാര്‍. 30000 അടി ഉയരത്തില്‍ ആകാശത്ത് വെച്ച് റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാര്‍ഗമധ്യേ ഇന്ധനം നിറക്കുന്ന ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്.