ജിദ്ദ: സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നിലവിലില്ലാത്തതിനാല്‍ മാലിദ്വീപില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പ്രവാസികള്‍ സൗദിയിലേക്ക് മടങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ ദുബായ് ആയിരുന്നു താല്‍ക്കാലിക ഇടത്താവളം.
എന്നാലിപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസയിലെത്തി 14 ദിവസം ഉല്ലാസ ജീവിതം നയിച്ചതിനു ശേഷമാണു ഇപ്പോള്‍ ചില പ്രവാസികള്‍ സൗദിയിലേക്ക് മടങ്ങല്‍ ആരംഭിച്ചിട്ടുള്ളത്. കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ നേരത്തെ വിമാന യാത്രാ ദൈര്‍ഘ്യം മാത്രമാണു മാലിദ്വീപിലേക്കുള്ളത്. അതോടൊപ്പം ഓണ്‍ അറൈവല്‍ വിസയാണെന്നതും നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
ദുബായിലേക്ക് പ്രവേശന വിലക്കുള്ളവര്‍ക്കും കൊറോണ വ്യാപനം വളരെ കുറഞ്ഞ രാജ്യമായതിനാല്‍ ഒരു സുരക്ഷിത താവളം എന്ന നിലയിലും മാലിദ്വീപ് മികച്ച ഇടത്താവളമാണ്. മാലിദ്വീപ് എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ഐലന്റിലേക്കുള്ള ബോട്ട് സവാരിയും ഉല്ലാസ യാത്രകളും താമസ സൗകര്യങ്ങളും കൊറോണ ടെസ്റ്റുകളും മറ്റുമായി നിലവില്‍ ഒരു ലക്ഷത്തോളം പാക്കേജിനു ചിലവ് വരുന്നുണ്ടെങ്കിലും വൈകാതെ വിമാന നിരക്ക് കുറയാന്‍ സാധ്യതയുള്ളതിനാല്‍ പാക്കേജ് നിരക്ക് കുറക്കാന്‍ കഴിയുമെന്നാണു ഈ രംഗത്തുപ്രതീക്ഷ.