ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്തുന്നത് തടയാന്‍ നടപടി
ദോഹ : ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്താന്‍ രാജ്യാന്തര ലോബികള്‍ ശ്രമിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി ലഹരി വിരുദ്ധ സ്‌ക്വാഡ്.
കഴിഞ്ഞ ദിവസം ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ നിരോധിത ലഹരിമരുന്നുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. വയറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളിക രൂപത്തിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്.
പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയനാക്കി. സ്‌കാനറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ നിരവധി ഗുളികകള്‍ കണ്ടെത്തിയത്.
മാര്‍ച്ച് 28 നും സമാനമായ രീതിയില്‍ മയക്കു മരുന്നു കടത്താന്‍ ശ്രമിച്ചത് ഖത്തര്‍കസ്റ്റംസ് പിടികൂടിയിരുന്നു. നിരോധിത മരുന്നുകളുടെ ശേഖരം യാത്രക്കാരന്റെ ഭാഗില്‍ നിന്നും പിടികൂടുകയായിരുന്നു. ഹാഷിഷ് ഉള്‍പ്പടെയുള്ള മയക്കു മരുന്നുകള്‍ ഖത്തറിലേക്ക് കടത്തുന്ന രാജ്യാന്തര സംഘമാണ് ഇതിനു പിന്നിലെന്ന് പിടികൂടുന്നവരില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ മയക്കു മരുന്നു കടത്തിന് രാജ്യാന്തര ഡ്രഗ് ഡീലര്‍മാര്‍ ശ്രമിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ വിമാനത്താവളങ്ങളില്‍ പതിവിലുമേറെ ജാഗ്രത പുലര്‍ത്തും. സംശയം തോന്നുന്നവരെ പിടികൂടുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.












