സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെയില്‍ ക്യാംപെയിനില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 2022 ഒക്ടോബര്‍ 31 വരെ കാലാവധിയുണ്ട്.
ദോഹ : ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ എല്ലാ സെക്ടറിലെ ടിക്കറ്റുകള്‍ക്കും നിരക്കില്‍ 25 ശതമാനം ഇളവു നല്‍കുന്നു.
ജനുവരി പത്തു മുതല്‍ ഒരാഴ്ചയാണ് ടിക്കറ്റ് സെയില്‍ ക്യാംപെയിന്‍ നടക്കുന്നത്. ദോഹയില്‍ നിന്നും 140 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേസ് സര്‍വ്വീസ് നടത്തുന്നത്. ബിസിനസ്, ഇകണോമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റിന് ഇളവുകള്‍ക്കൊപ്പം സീറ്റ് തിരഞ്ഞെടുക്കാനും അധിക ബാഗേജ് അലവന്‍സ് ലഭിക്കാനും ഹോട്ടല്‍ ബുക്കിംഗ്, വിമാനത്താവളത്തില്‍ നിന്നും പിക് അപ് സര്‍വ്വീസ് എന്നിവയ്ക്കും ഇളവുകള്‍ ലഭിക്കും.
ദോഹയില്‍ നിന്നും ഏഷ്യാ, യൂറോപ്, അമേരിക്ക, പശ്ചിമേഷ്യ എന്നിവടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേസിന് മികച്ച സേവനത്തിനുള്ള ആഗോള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
qatarairways.com/25years എന്ന വെബ്‌സൈറ്റില്‍ നിന്നും മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ലഭിക്കുന്ന ലിങ്കുകള്‍ തുറക്കരുതെന്നും ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മാത്രം ടിക്കറ്റുകള്‍ ബുക്കു ചെയ്യണമെന്നും വിമാനക്കമ്പനി അറിയിച്ചു.
1997 ലാണ് ഖത്തര്‍ എയര്‍വേസ് ആരംഭിക്കുന്നത്. അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയാണ് രാജ്യത്തിന് സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നത്. കാല്‍ നൂറ്റാണ്ടു കൊണ്ട് മേഖലയിലേയും ആഗോള തലത്തിലേയും മികച്ച വിമാന കമ്പനികളിലൊന്നായി ഖത്തര്‍ എയര്‍വേസ് മാറി.