ഡല്‍ഹി: കര്‍ഷക സമരം കേന്ദ്ര സര്‍ക്കര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമം തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അതുകൊണ്ട് തന്നെ സമിതി പരിശോധിക്കും വരെ നിയമം സ്‌റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടാതെ കര്‍ഷകര്‍ക്ക് വിദഗ്ധ സമിതിക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാമെന്നും കോടതി പറഞ്ഞു.
നിയമം കൊണ്ടു വരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ എന്ത് കൂടിയലോചനയാണ് നടത്തിയതെന്ന് കോടതി ചോദിച്ചു. കാര്‍ഷിക നിയമം കൊണ്ടുവന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. ചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ എന്ത് ചര്‍ച്ചയാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. നിരവധി സംസ്ഥാനങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരാണെന്നതും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അതേസമയം നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം ഒരു ഉത്തരവിലൂടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണോ എന്ന് സുപ്രീം കോടതി ചോദിച്ചു.











