ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവായത് ആശങ്കയക്ക് ഇടയാക്കിയിരിക്കുകയാണ്. മോഹാലി ജില്ലയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്ത് പേര്‍ക്കാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പത്ത് ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ഗ്യാന്‍ സാഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് നടത്തിയ പരിശോധനയില്‍ എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ഭേദമായി ആശുപത്രിവിട്ട് പോകുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്‍റെെനില്‍ കഴിയണമെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ. മഞ്ജിത് സിങ് പറഞ്ഞു. ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും അവരെ രോഗികളായി പരിഗണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത ലാബുകളിസല്‍ നടത്തുന്ന കോവിഡ് പരിശോധനകള്‍ വിശ്വസനീയമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് നെഗറ്റീവായവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായല്ല. ഹിമാചലിലും കേരളത്തിലുമൊക്കെ സുഖം പ്രാപിച്ചവര്‍ വീണ്ടും കോവിഡ് രോഗികളായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഒരു പ്രദേശത്ത് സുഖം പ്രാപിച്ച പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.