ഐ പി എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. ശിഖാർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തെ മികച്ച ടീം ഗെയിമിലൂടെ മറികടന്നാണ് പഞ്ചാബിന്റെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ധവാന്റെ പ്രകടനം പാഴായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താനും പഞ്ചാബിനായി.
സ്കോർ:
ഡൽഹി 164/5(20)
പഞ്ചാബ് 167/5(19)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിയ്ക്ക് ശിഖാർ ധവാന്റെ വൺമാൻഷോ മാത്രമാണ് എടുത്ത് പറയാനുണ്ടായിരുന്നത്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ നിർത്തിയിടത്തു നിന്ന് തുടങ്ങിയ ധവാൻ തുടർയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. 61 ബോളിൽ 12 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 106 റൺസെടുത്ത് ധവാൻ പുറത്താകാതെ നിന്നു. ബാക്കിയുള്ളവർ ചേർന്ന് 54 റൺസ് മാത്രമാണ് എടുത്തത്.
165 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ബാറ്റേന്തിയത്. എന്നാൽ മികച്ച ഫോമിലുള്ള നായകൻ കെ എൽ രാഹുലിനെയും മായങ്കിനെയും തുടക്കത്തിലേ പുറത്താക്കി ഡൽഹി ബൗളർമാർ പഞ്ചാബിനെ സമ്മർദ്ദത്തിലാക്കി. പിന്നീടെത്തിയ ക്രിസ് ഗെയ്ൽ ആക്രമിച്ച് കളിച്ചു. 13 ബോളിൽ 29 റൺസെടുത്ത ഗെയ്ൽ പുറത്തായ ശേഷമാണ് പഞ്ചാബ് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട് പിറന്നത്. നിക്കോളാസ് പുരാനും (28 ബോളിൽ 53) ഗ്ലെൻ മാക്സ് വെലും ( 24 ബോളിൽ 32 ) ചേർന്ന് പഞ്ചാബിനെ വിജയത്തിലേയ്ക്ക് അടുപ്പിച്ചു. ഇരുവരെയും പുറത്താക്കി റബാഡ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും ഹൂഡയും നീഷമും ചേർന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. 19-ാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് നീഷമാണ് പഞ്ചാബിന് ജയമൊരുക്കിയത്.