കുവൈത്തിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം അനുസരിച്ചായിരിക്കും നടപടി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളുടെ ഉത്തരവാദിത്തം മാതാപിതാക്കൾക്കോ രക്ഷിതാവിനോ ആയിരിക്കും.
ജനനം മുതൽ വ്യത്യസ്ത കാലങ്ങളിലേക്ക് നിർണയിക്കപ്പെട്ട രോഗ പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് 6 മാസത്തിൽ കുറയാത്ത തടവോ 1000 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. വിമുഖത കാട്ടുന്ന രക്ഷിതാക്കളെ ബോധവൽക്കരിച്ച് കുത്തിവയ്പ് എടുക്കാൻ 2 ആഴ്ചത്തെ സാവകാശം നൽകും. എന്നിട്ടും കുത്തിവയ്പ്പ് എടുക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശിശു സംരക്ഷണ വിഭാഗം മേധാവി ഡോ. മുന അൽ ഖവാരി പറഞ്ഞു.












