പൂനെ: ജൂലൈയില്‍ നഗരത്തില്‍ കണക്കില്‍പ്പെടാത്ത 400 ഓളം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പൂനെ മേയര്‍ മുരളിധര്‍ മൊഹോള്‍. മുഖ്യമന്ത്രി ഉദ്ദവ്വ് താക്കറെ പൂനെ സന്ദര്‍ശിച്ച ദിവസമാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ഓരോ ദിവസവും ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമോ മരണമടയുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ മരിക്കുന്നവരുടെ കോവിഡ് ടെസ്റ്റ് നടത്താറില്ല. എന്തെന്നാല്‍ മരിച്ചവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. പക്ഷേ ഇങ്ങനെ മരിച്ചവരുടെ എക്‌സ്‌റേയും മറ്റും എടുക്കുമ്പോള്‍ അവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും മൊഹോള്‍ പറഞ്ഞു. സാസൂണ്‍ ആശുപത്രിയില്‍ ഒരു ദിവസം 12 പേരെങ്കിലും മരണമടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
താന്‍ ഈ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും ഈ വസ്തുത അധികാരികളെ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവസാനഘട്ടത്തില്‍ ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്‍പായി ആളുകളുടെ ജീവന്‍ രക്ഷിക്കാനുളള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ നേരത്തെ കണ്ടെത്തുന്നതിലൂടെ അവര്‍ക്ക് സമയോചിതമായി ചികിത്സ നല്‍കാനും മരണങ്ങള്‍ തടയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം മരണങ്ങള്‍ നടക്കുന്നുണ്ടെന്നുളളത് ശരിയാണെന്നും പക്ഷേ മേയര്‍ ചൂണ്ടിക്കാട്ടിയ മരണ സംഖ്യ കൂടുതലാണെന്ന് സഹ്യാദ്രി ആശുപത്രി മെഡിക്കല്‍ ഡയറക്യര്‍ ഡോ. സുനില്‍ റാവു പറഞ്ഞു. ബുധനാഴ്ച വരെ നഗരത്തില്‍ 55,035 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 1,358 പേര്‍ മരണമടയുകയും ചെയ്തു.