യുഎസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടിയപ്പോള്‍ ആ പ്രക്ഷോഭത്തിലെ മലയാളി സാന്നിധ്യം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചര്‍ച്ചാവിഷയമായി. വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്ന സംഭവങ്ങളില്‍ ഏതെങ്കിലും മലയാളി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്നത് മലയാളത്തിലെ മുത്തശിപത്രമായ മലയാള മനോരമയുടെ പതിവാണ്. ഇത്തവണ ആ ജോലിയേറ്റെടുത്തത് മനോരമ ന്യൂസ് ചാനലാണ്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പ്രക്ഷോഭത്തിനെത്തിയ മലയാളിയിലെ വാര്‍ത്താസാധ്യത കണ്ട് പുളകം കൊള്ളുന്ന അവതാരകരെയാണ് ജനുവരി എട്ടിലെ മനോരമ ന്യൂസിന്റെ `പുലര്‍വേള’ എന്ന പരിപാടിയില്‍ കണ്ടത്.
ലോകത്തിന് മുന്നില്‍ മലയാളികളുടെ ശിരസ് കുനിപ്പിച്ച കൊച്ചി സ്വദേശിയായ ജനാധിപത്യ വിരോധിയെ `പുലര്‍വേള’യിലെ അതിഥിയായി എഴുന്നള്ളിക്കാന്‍ മനോരമ ന്യൂസ് കാണിച്ച `തൊലിക്കട്ടി’ അപാരമാണെന്നേ പറയാനാകൂ. അയാള്‍ പറയുന്ന നുണകളും അടിസ്ഥാനരഹിതമായ വാദങ്ങളും തലയാട്ടി കേട്ടിരിക്കുക എന്ന ജോലിയാണ് മാധ്യമപ്രവര്‍ത്തകരായ അവതാരകര്‍ ചെയ്‌തുകൊണ്ടിരുന്നത്. ജനാധിപത്യവിരുദ്ധമായ ഒരു കലാപത്തില്‍ ഉള്‍പ്പെട്ട ഒരാളെ വെള്ളപൂശുകയാണ് അവര്‍ അതിലൂടെ ചെയ്‌തത്. പരിപാടിക്ക് ഒടുവില്‍ “താങ്കള്‍ വിശദീകരിച്ചപ്പോള്‍ അങ്ങനെയും ചില കാര്യങ്ങള്‍ ശരിയായിട്ടുണ്ടാകാം” എന്ന് ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് സാമാന്യബോധമുള്ള ജനാധിപത്യ വിശ്വാസികളെ പരിഹസിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമായിരുന്നു.
യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന് കിട്ടിയ വോട്ടുകളില്‍ ഗണ്യമായ പങ്ക് ബാലറ്റ് വോട്ടുകളായിരുന്നു. ബാലറ്റ് വോട്ടുകളുടെ വിശ്വാസ്യതയെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ട്രംപ് ചോദ്യം ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വോട്ടെടുപ്പ് കൃത്രിമം ആരോപച്ച് ട്രംപ് വിവിധ കോടതികളെ സമീപിക്കുകയും ചെയ്‌തു. എന്നാല്‍ ട്രംപ് തന്നെ നിയമിച്ച ജഡ്‌ജിമാര്‍ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് വിധിയെഴുതി. എന്നാല്‍ ഈ വിധിയെഴുത്ത് ശരിയല്ലെന്നും ബാലറ്റ് വോട്ടുകള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് ട്രംപിസ്റ്റുകള്‍ ഇപ്പോഴും വാദിക്കുന്നത്. കോടതി തള്ളിയ ഈ വാദമാണ് പുലര്‍വേളയില്‍ പങ്കുകൊണ്ട ട്രംപിസ്റ്റ് ആയ മലയാളി ആവര്‍ത്തിച്ചത്. നിയമപരമായി സാധുതയുള്ള ബാലറ്റ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന് പറയുന്നത് നിയമത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ഇയാള്‍ ഈ അടിസ്ഥാനഹരിതമായ വാദം വിശദീകരിക്കുമ്പോള്‍ അതിനെ ഖണ്‌ഡിക്കാനോ മറുവാദം ഉയര്‍ത്താനോ രാത്രി ഷോകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ നിര്‍ത്തിപ്പൊരിക്കാന്‍ രംഗത്തിറങ്ങാറുള്ള മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതേയില്ല. ഇന്ത്യന്‍ ദേശീയപതാകയുമായി പ്രക്ഷോഭത്തിനെത്തിയതിനെ അയാള്‍ ന്യായീകരിച്ചപ്പോള്‍ യാതൊരു മറുവാദവും ഉയര്‍ത്താന്‍ അവതാരകര്‍ മുതിര്‍ന്നില്ല. മലയാളികള്‍ക്ക് അപമാനമായി മാറിയ ആ വ്യക്തിയെ ചുമലില്‍ തട്ടി അഭിനന്ദിക്കുന്നതിന് തുല്യമായ വാക്കുകള്‍ പറഞ്ഞാണ് അഭിമുഖം അവസാനിപ്പിച്ചത്.
പുലര്‍വേളയിലെ ഈ അശ്ലീലം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ട്രംപിസ്റ്റിനെ വെള്ളപൂശിയ മാധ്യമപ്രവര്‍ത്തകന്‍ ന്യായീകരണവുമായി രംഗത്തെത്തി. ആമുഖത്തില്‍ ചൂണ്ടികാട്ടിയ ആ `മലയാളി ഫോക്കസ്’ എന്നതു മാത്രമായിരുന്നു തങ്ങള്‍ ചര്‍ച്ചക്ക് ട്രംപിസ്റ്റിനെ ക്ഷണിച്ചതിന് പിന്നിലെന്നാണ് ന്യായീകരണം. അയാളുടെ വാദങ്ങളെ ഖണ്‌ഡിക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയെന്നൊക്കെ ന്യായീകരണത്തില്‍ പറയുന്നുണ്ടെങ്കിലും “താങ്കള്‍ വിശദീകരിച്ചപ്പോള്‍ അങ്ങനെയും ചില കാര്യങ്ങള്‍ ശരിയായിട്ടുണ്ടാകാം” എന്ന വെള്ളപൂശലിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഒരു രാഷ്‌ട്രീയ വിദ്യാര്‍ത്ഥിയുടെ സാമാന്യബോധം എങ്കിലും ആ മാധ്യമപ്രവര്‍ത്തകനും കൂട്ടാളിക്കും ഉണ്ടായിരുന്നുവെങ്കില്‍ ആ ട്രംപിസ്റ്റ് ജനാധിപത്യ വിരുദ്ധനം ഇങ്ങനെ വെള്ളപൂശാന്‍ കഴിയുമായിരുന്നില്ല. ഏതായാലും ജനുവരി എട്ടിലെ മനോരമ ന്യൂസിന്റെ പുലര്‍വേളയില്‍ കണ്ടത് തരംതാണ മാധ്യമപ്രവര്‍ത്തനത്തിന്റെ അസഹനീയമായ അശ്ലീലകാഴ്‌ചയായിരുന്നു.