ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വരികയാണെങ്കിലും അടുത്ത രണ്ട് മാസം നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയും രോഗമുക്തി നിരക്ക് കൂടുകയുമാണ്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ വരുന്ന മാസങ്ങളില്‍ പലവിധ ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കോവിഡിന്റെ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക’ – അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യവും കണക്കിലെടുക്കണമെന്നും ശൈത്യകാലത്ത് വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.