ഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അവരുടെ സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുളള സര്‍വ്വീസ് ചാര്‍ജുകളും പൊതുമേഖലാ ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല എന്നുളളതാണ് വസ്തുത. 60.04 കോടി അടിസ്ഥാന സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകള്‍ക്കും 41.13 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കുമായി ആര്‍ബിഐ അനുശാസിക്കുന്ന സൗജന്യ സേവനങ്ങള്‍ക്കൊന്നും ഒരു തരത്തിലുമുള്ള സര്‍വീസ് ചാര്‍ജും ഈടാക്കുന്നതല്ല.
അതുപോലെ റെഗുലര്‍ സേവിങ്സ്, കറണ്ട്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളിലും സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. അതേസമയം 2020 നവംബര്‍ 1 മുതല്‍ ബാങ്ക് ഓഫ് ബറോഡ ചില സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ നിലവിലെ കോവിഡ് 19 സാഹചര്യം പരിഗണിച്ച് ഈ മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കുകയും ചെയ്തു. മറ്റൊരു പൊതുമേഖലാ ബാങ്കും സമീപകാലത്ത് സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ടില്ല.



















