തിരുവനന്തപുരം: ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് മോശം പരാമര്‍ശമുണ്ടായെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍. 10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
സമരക്കാര്‍ സര്‍ക്കാരിനെ നാണം കൊടുത്തിയെന്ന് മന്ത്രി പറഞ്ഞു. അത് വേദനിപ്പിച്ചുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും ഇന്ന് തീരുമാനമായില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.
“പത്ത് വര്‍ഷം ലിസ്റ്റ് നീട്ടി നല്‍കിയാല്‍ ജോലി കിട്ടുന്ന സാഹചര്യമാണോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിനെ എങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. പ്രതികരണം വേദനിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല” – സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. ഇന്ന് രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടത്.