മ്യാന്‍മര്‍: മ്യാന്‍മറില്‍ സൈനിക വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. സൈനിക അടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സൈന്യം വോടിയുതിര്‍ത്തത്. ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം ഭരണം അട്ടിമറിച്ചതോടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെയെല്ലാം സൈന്യം തടവിലാക്കുകയാണ്. അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ആയുധ ധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 14 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരെ ജലപീരങ്കി ഉപയോഗിച്ച് പിരിച്ചു വിടാന്‍ പോലും ശ്രമിക്കാതെ നേരെ വന്ന് അവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം സംഭവത്തെ അപലപിച്ച് യു.എന്‍ രംഗത്തെത്തി. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. നേരത്തെയും പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം അക്രമം അഴിച്ചുവിട്ടിരുന്നു.










