മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ് സ്മാരകം. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്.
മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉള്‍പ്പെടുന്നു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.