മൈസൂര്‍: വിവാഹത്തിന് മുന്നോടിയായുളള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ഇന്ന് ട്രന്‍ഡായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ അത്തരമൊരു ഫോട്ടോഷൂട്ട് മൈസൂരില്‍ വരന്റെയും വധുവിന്റെയും ജീവനെടുത്തിരിക്കുകയാണ്. ചന്ദ്രു(28), ശശികല (20)
എന്നിവരാണ് കാവേരി നദിയില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ മുങ്ങി മരിച്ചത്.
കാവേരി നദിയില്‍ ഫോട്ടോഷൂട്ട് നടന്നു കൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്നും യുവതി കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തലക്കാട് എത്തിയ ഇവര്‍ അടുത്തുളള റിസോര്‍ട്ടില്‍ ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നു. ബോട്ട്
കിട്ടാത്തതിനെ തുടര്‍ന്നാണ് കുട്ടവഞ്ചി സംഘടിപ്പിച്ചത്. എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് ബോട്ട് സര്‍വ്വീസ് ലഭ്യമാക്കുന്നതെന്ന് റിസോര്‍ട്ട് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.