പ്രവാസി മലയാളികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഐഎസ്‌സി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാംപില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും നിരവധി മലയാളികള്‍ വിദേശരാജ്യങ്ങളില്‍ നിയമനടപടി നേരിടുന്നതായി നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ വി മുസ്തഫ ചൂണ്ടിക്കാട്ടി. ജയിലുകളില്‍ കഴിയുന്നവരും വിരളമല്ല. ഇവര്‍ക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജോലി സംബന്ധമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും നിയമസഹായം ലഭിക്കും. മിക്ക പ്രവാസികളും നോര്‍ക്ക കാര്‍ഡ് മാത്രമാണ് എടുത്തിലുള്ളതെന്നും നോര്‍ക്ക ക്ഷേമനിധി, സ്വപ്ന സാഫല്യം, സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളെ പറ്റി ഈ കോവിഡ് പ്രതിസന്ധിയില്‍ നാം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ക്ക റൂട്ട്സ് ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഫെമിന്‍ പണിക്കശ്ശേരി, ഗോള്‍ഡ് 101.3 എഫ്.എം റേഡിയോ ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍ എന്നിവര്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം ആര്‍ പി മുരളി മുഖ്യാതിഥി ആയിരുന്നു. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. താഹ യൂസഫ്, ഫ്രാങ്ക് ഗള്‍ഫ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി യു സി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.