മലപ്പുറം: പോത്തുകല്ലില്‍ ആത്മഹത്യ ചെയ്ത യുവതി രഹ്നയുടെ ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭര്‍ത്താവ് വിനേഷിനെ റബ്ബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ചയാണ് രഹ്നയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യന്‍, അര്‍ജ്ജുന്‍, അനന്തു എന്നീ കുട്ടികളാണ് മരിച്ചത്. നാല് പേരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്നയുടെ പിതാവ് രാജന്‍കുട്ടി രംഗത്തെത്തിയിരുന്നു.
മകളുടേയും കൊച്ചുമക്കളുടേയും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജന്‍കുട്ടി ആരോപിച്ചിരുന്നു. വിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളേയും കൊച്ചുമക്കളേയും കൊന്നത്. വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിര്‍ത്തിരുന്നു. മകളേയും കുട്ടികളേയും ഒഴിവാക്കാനായി വിനേഷ് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു രാജന്‍കുട്ടി ആരോപിച്ചത്. ഇതിനിടെയാണ് വിനേഷിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.