തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരില്‍ ‘മുരളീധരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് എഴുതിയ പോസ്റ്ററുകളാണ് തൃശ്ശൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കെ.സുധാകരനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍.
അതേസമയം കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരായും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി ഏറ്റുവാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണയ്‌ക്കെതിരെയും പോസ്റ്ററുകള്‍ പൊങ്ങിയിരുന്നു.
ശൂരനാട് രാജശേഖരന്‍ ആര്‍.എസ്.എസ് റിക്രൂട്ടിങ് ഏജന്റാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍.എസ്.എസിന് വിറ്റുതുലച്ച ശൂരനാടിനെ പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ഡിസിസി, ആര്‍.എസ്.പി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചത്.











