തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് നടപടി.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി അറിയിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൗരത്വ പ്രക്ഷോഭം, മഅദനിയുടെ നീതിക്കുവേണ്ടി നടന്ന പ്രതിഷേധം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളില്‍ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതയ്ക്ക് നിരക്കാത്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു.












