ദുബായ് : യു.എ.ഇ യില്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതിന് നാട്ടിലെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവ്. മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഇനി പാസ്‌പോര്‍ട്ട് പുതുക്കാന്‍ രണ്ടാഴ്ചയോളം സമയം എടുക്കും. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.
എല്ലാ വിദേശ രാജ്യങ്ങളിലും നേരത്തെ നടപ്പാക്കിയിരുന്ന പൊലീസ് വെരിഫിക്കേഷന്‍ പിന്നീട് നിര്‍ത്തലാക്കിയിരുന്നു. ഇതാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. പുതുക്കിയ പാസ്‌പോര്‍ട്ടുകളും ഇനിയുള്ള ദിവസങ്ങളില്‍ പുതുക്കാനുള്ള പാസ്‌പോര്‍ട്ടുകളും രണ്ട് തരത്തിലായിരിക്കും വേരിഫിക്കേഷന്‍ നടത്തുക.
യു.എ.ഇയില്‍ പുതുക്കുന്നതിനായി ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഓരോ ജില്ലയിലെയും പൊലീസ് കേന്ദ്രങ്ങളിലേക്ക് അയക്കും. അവിടെനിന്ന് അപേക്ഷകന്റെ താമസസ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ലോക്കല്‍ സ്‌റ്റേഷനിലേക്ക് അയക്കും.അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാസ്‌പോര്‍ട്ട് പുതുക്കുക. പൊലീസ് വെരിഫിക്കേഷന് അയക്കുമ്പോള്‍ അപേക്ഷകന് ഇമെയില്‍ സന്ദേശം ലഭിക്കും.അതേസമയം, അഞ്ച് വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന റെസിഡന്റ് വിസക്കാര്‍ ഇവിടെ തന്നെയാണ് പാസ്‌പോര്‍ട്ട് പുതുക്കിയതെങ്കില്‍ അവര്‍ക്ക് വെരിഫിക്കേഷന്‍ ആവശ്യമില്ല. ഒരു മാസം മുമ്പ് പുതുക്കിയ പാസ്‌പോര്‍ട്ടുകളും വെരിഫിക്കേഷന് അയക്കുന്നുണ്ട്.ഇവര്‍ക്ക് നാട്ടില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ് പൊലീസ് വെരിഫിക്കേഷന് അയക്കുന്നത്.