കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എംഎല്‍എയുടേയും, പുക്കോയ തങ്ങളുടേയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ചന്തേര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
എം.സി കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചെന്തേരയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധന നടക്കുമ്പോള്‍ ഇരുവരും വീടുകളില്‍ ഉണ്ടായിരുന്നില്ല. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
വഞ്ചന കേസുകള്‍ക്ക് പുറമെ ഫാഷന്‍ ജ്വല്ലറി നിക്ഷേപകരുടെ പരാതില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം എംഎല്‍എക്കെതിരെ 13 വഞ്ചന കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്.
നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ചെക്ക് തട്ടിപ്പ് കേസില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയില്‍ ചന്തേര പോലീസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.











