തിരുവനന്തപുരം: പരിശീലനം പൂര്‍ത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. വൈകിട്ട് 4.45 നു തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്താണ് പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്.
ബെല്‍ജിയം മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ 9 സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. പത്തു മാസത്തെ വിദഗ്ദ്ധ പരിശീലനം നേടിയ ഇവയ്ക്ക് മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിക്കുന്നതിനും സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നുകളും കണ്ടത്തുന്നതിനും പരിശീലനം ലഭിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്.
പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞ എട്ടു പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി പരിശീലനകാലത്തു തന്നെ കയ്യടിനേടിയ മായ എന്ന നായയും ബുധനാഴ്ച പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കും. പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.