മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കല്ലുമ്മക്കായ കഴിച്ച് മലയാളികള്‍ അടക്കമുള്ളവര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഫാറിലെ ബീച്ചുകളില്‍ കടല്‍ക്കറ എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടായിരുന്നതായും അതുമൂലം കല്ലുമ്മക്കായയില്‍ വിഷവസ്തുക്കള്‍ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പകല്‍ വേലിയിറക്കം നടക്കുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദോഫാറിലെ മലയാളികളുടെ പ്രധാന വിനോദമാണ് കടലില്‍ ഇറങ്ങി കല്ലുമ്മക്കായ ശേഖരിക്കുന്നത്. ഇങ്ങനെ കല്ലുമ്മക്കായ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഛര്‍ദില്‍, വയറിളക്കം, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബീച്ചുകളിലെ പ്രവേശനത്തിന് വിലക്കുള്ളതിനാല്‍ മലയാളികള്‍ ഇക്കുറി വ്യാപകമായി കല്ലുമ്മക്കായ പറിക്കാന്‍ ഇറങ്ങിയിരുന്നില്ല.
അതേസമയം, ‘റെഡ്‌ടൈഡ്’ എന്നും അറിയപ്പെടുന്ന കടല്‍ക്കറ ഉണ്ടായ മേഖലകളില്‍ മല്‍സ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മല്‍സ്യവും ഷെല്‍ഫിഷും കഴിക്കരുതെന്നും കാര്‍ഷിക-മല്‍സ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.