തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള കൈമാറ്റം വികസനത്തിനല്ലെന്നും വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയില്‍ കുത്തക അവകാശം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിമാത്താവള നടത്തിപ്പവകാശം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറിയത്. സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചതായി ചൊവ്വാഴ്ചയാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. അന്‍പത് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.












