തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നുവെന്നും ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതനിരപേക്ഷതയ്ക്കായി സന്ധിയില്ലാതെ പോരാടാന്‍ എല്‍ഡിഎഫ് മാത്രകമേയുളളു എന്ന് ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു എല്‍ഡിഎഫിന് അധികാരത്തില്‍ വന്നത്, ഇപ്പോള്‍ 11 ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്ക് കിട്ടിയെന്നും ആറില്‍ അഞ്ച് കോര്‍പ്പറേഷന്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്നതുകൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭേദവുമില്ലാതെ എല്‍ഡിഎഫിനെ പിന്താങ്ങുന്ന നിലയാണ് ഉണ്ടായത്. എല്‍ഡിഎഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനം സ്വീകരിച്ചത്. അതുകണ്ടാണ് കേരള ജനതയുടെ വിജയമാണ് എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.