തിരുവനന്തപുരം: വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ തയാറാക്കാന്‍ സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ആവാസ വ്യവസ്ഥയില്‍ പക്ഷി-മൃഗാദികള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ ഇവയുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേകശ്രദ്ധ വെച്ചുപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 12ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയകരമായ രോഗപ്രതിരോധം ശാസ്ത്രലോകം മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതല്ല. അവരോടൊപ്പം സാങ്കേതിക വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാവരും കൈകോര്‍ക്കണം. ഒപ്പം നാട്ടറിവുകളും ഇതിനായി പ്രയോജനപ്പെടുത്തി സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളര്‍ത്തിയെടുക്കണം.
പക്ഷികളുടെ രോഗപ്രതിരോധത്തിനുള്ള അസ്‌കാഡ് പദ്ധതി, മൃഗങ്ങളുടെ രോഗപ്രതിരോധത്തിനുള്ള അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. അത്തരമൊരു ശ്രദ്ധ മനുഷ്യരിലേക്ക് രോഗാണുക്കള്‍ പടരുന്നത് തടയുന്നതിലുള്ള മുന്‍കൂര്‍ ശ്രദ്ധ കൂടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്ഥമായി കര്‍ഷകരുടെ വീടുകളിലെത്തി പക്ഷി-മൃഗാദികള്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കുന്നതിന്റെ ഗുണഫലവും നാട്ടിലുണ്ട്.
ഇതുമാത്രം പോരാ, അപ്രതീക്ഷിതമായി വരുന്ന രോഗബാധകളെ പിടിച്ചുകെട്ടാനുള്ള വാക്സിനുകള്‍ നമുക്കാവശ്യമാണ്. ശാസ്ത്രലോകത്തിന് ഒട്ടും പരിചിതമല്ലാത്തതും നിരുപദ്രവകാരികള്‍ എന്ന് വിശ്വസിച്ചിരുന്നതുമായ അണുക്കളുടെ പുതിയ രൂപങ്ങള്‍ മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും എത്തുന്നു. നിനച്ചിരിക്കാത്ത നേരത്താണ് ഒരു സൂചനയും നല്‍കാതെ ഇവ പടര്‍ന്നുപിടിക്കുന്നത്. ഒന്നിനെ കീഴടക്കിയെന്ന് തോന്നുമ്പോള്‍ അടുത്തത് വരും. പുതിയ പല വൈറസുകളെയും സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ വ്യക്തമാകുന്നത് ഏതെങ്കിലും പക്ഷി അല്ലെങ്കില്‍ മൃഗം അതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധമുയര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ഫറന്‍സില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രസക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.