തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തില്‍ ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ല. കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാരണാപത്രത്തെ കരാറായി വ്യാഖ്യാനിക്കുകയാണ്. മത്സ്യബന്ധന നയം കൃത്യമായി നടപ്പാക്കുന്ന സര്‍ക്കാരാണിത്. മഹാകാര്യം എന്ന മട്ടിലാണ് പ്രതിപക്ഷ നേതാവ് ഈ കാര്യങ്ങള്‍ ആരോപിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യതൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ്. ആഴക്കടല്‍ മത്സ്യബന്ധന നയം കൊണ്ടുവന്നത് നരസിംഹറാവു സര്‍ക്കാരിന്റ കാലത്താണ്. അതിനെതിരെ പോരാടിയവരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.











