തൃശൂര്‍: ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് സര്‍ക്കാര്‍ പറഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് :
ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സാധാരണ ഗതിയിലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് സര്‍ക്കാര്‍ പറഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചര്‍ച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാന്‍ നേരത്തെ സ്വീകരിച്ച മാര്‍ഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.
നല്ല രീതിയില്‍ കേരളത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നല്‍കാന്‍ ഈ കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകള്‍ക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുന്‍ഗണനാ ക്രമത്തില്‍ കര്‍മ്മ പദ്ധതിയും ഉണ്ടാക്കണം.
ഇപ്പോള്‍ കൊവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ്. വിപുലമായ പരിപാടികള്‍ പ്രായോഗികമല്ല. സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കുക പ്രധാനമാണ്. അല്ലാതെ ഭാവി കേരളത്തിന് വേണ്ട രൂപരേഖ പൂര്‍ണതയിലെത്തിക്കാനാവില്ല.ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ തീരുമാനിച്ചത്. കേരള പര്യടനം ഈ മാസം 22 ന് ആരംഭിച്ചു. ഇതോടെ 11 ജില്ലകള്‍ പിന്നിട്ടു. നാളെ എറണാകുളവും ആലപ്പുഴയുമാണ്. ഇടുക്കി ജില്ലയില്‍ പിന്നീട് പര്യടനം നടത്തും.


















