തിരുവനന്തപുരം: സംസ്ഥാനത്ത് 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചു. താല്ക്കാലിക തസ്തിക കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്‌ട്രോഎന്ററോളജി ഡിപാര്‍ട്‌മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകള്‍ അനുവദിക്കുന്നുണ്ട്. 35 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് വേണ്ടി 151 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കും.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.










