ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് പ്രധാനമായും തെരച്ചില്‍ നടത്തുക. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരും.
മണ്ണിനടിയിലുള്ള മനുഷ്യശരീരങ്ങള്‍ കണ്ടെത്താനുള്ള റഡാര്‍ സംവിധാനം തെരച്ചിലിനു വേണ്ടി ഉപയോഗിക്കും. ഇതിനായി ചെന്നൈയില്‍ നിന്നുള്ള നാലംഗ സംഘം രാജമലയില്‍ എത്തിയിട്ടുണ്ട്. ഇതുവരെ 61 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒന്‍പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്.
ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.