കെ.അരവിന്ദ്
വായ്‌പകളുടെ രീതിയും സ്വഭാവവും മാറിയതാണ് നമ്മുടെ രാജ്യത്തെ ഉപഭോഗത്തെ ത്വരിതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം. ജനങ്ങളുടെ ചെലവ് ചെയ്യല്‍ കൂടിയതോടെ അത് ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബിസിനസ് ലൈന്‍ മാറ്റിപ്പിടിച്ചുവെങ്കില്‍ വായ്‌പാ ലഭ്യത കൂടിയത് ജനങ്ങളുടെ ചെലവിടല്‍ വേഗത്തിലാക്കുകയും ഉപഭോഗത്തിന്റെ വ്യാപ്‌തം വര്‍ധിപ്പിക്കുകയും ചെയ്‌തു.
ഇഎംഐ സംസ്‌കാരം ശക്തിപ്പെട്ടതോടെ ഉപഭോഗത്വരയാണ് വര്‍ധിച്ചത്. മുന്‍കാലങ്ങളില്‍ വീട് വെക്കുന്നതിനും കാര്‍ വാങ്ങുന്നതിനും മാത്രമാണ് ഇഎംഐ വ്യവസ്ഥയില്‍ വായ്‌പ എടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ എന്ത് വാങ്ങിയാലും ഇഎംഐ അടിസ്ഥാനമാക്കി പണം തിരികെ നല്‍കിയാല്‍ മതിയെന്ന നിലയിലേക്ക് എത്തി. ക്രെഡിറ്റ് കാര്‍ഡ് കമ്പനികളാണ് ഈ രീതിക്ക് പ്രചാരം നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തു വാങ്ങിയാലും അത് ഇഎംഐ ആയി തിരികെ അടയ്‌ക്കുന്നതിനുള്ള സൗകര്യം മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. 55 ദിവസം വരെയുള്ള പലിശരഹിത വായ്‌പാ കാലയളവിന് പുറമെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
പലിശയില്ലാതെ ഇഎംഐ ആയി പണം തിരികെ അടയ്‌ക്കാവുന്ന ഓഫറുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്നുണ്ട്. മൂന്ന്-അഞ്ച് ശതമാനം പ്രോസസിംഗ് ഫീസ് ഈടാക്കിയാണ് ഇത്തരം സ്‌കീമുകള്‍ പ്രവര്‍ത്തിക്കുന്നത്.
പലിശ രഹിത വായ്‌പകളിലൂടെയാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പ്രോസസിംഗ് ഫീസ് മാത്രമാണ് ഇത്തരം വായ്‌പകള്‍ക്ക് ഈടാക്കുന്നത്. വായ്‌പാ തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളുമായുള്ള പ്രത്യേക ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വായ്‌പാ വിതരണം. സാലറി സ്ലിപ്പിന്റെയും ഐഡി കാര്‍ഡിന്റെയും പകര്‍പ്പുകളും ഒപ്പിട്ട ചെക്ക് ലീഫുകളും മാത്രം നല്‍കിയാല്‍ ലഭിക്കുന്ന ഇത്തരം വായ്‌പകള്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ തിരിച്ചടവ് മുടങ്ങുമോയെന്ന ആശങ്ക വായ്‌പാ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഈ മേഖലയിലെ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് വായ്‌പ കൊടുക്കാന്‍ പുതിയ രീതികളും മാര്‍ഗങ്ങളും തുറന്നിടുന്നത് വായ്‌പാ മേഖലയില്‍ വന്ന വലിയ മാറ്റങ്ങളെ തുടര്‍ന്നാണ്. ക്രെഡിറ്റ് ബ്യൂറോകളുടെ വരവോടെ വായ്‌പയെടുത്ത് മുങ്ങുന്ന ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററിയില്‍ ചുവന്ന മഷി പുരളുമെന്ന സ്ഥിതിവന്നു.
ഭവനവായ്‌പയും കാര്‍ വായ്‌പയും പോലുള്ള വലിയ വായ്‌പകള്‍ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് ഹിസ്റ്ററി ഭദ്രമായിരിക്കണമെന്നിരിക്കെ ചെറിയ വായ്‌പകളുടെ തിരിച്ചടവ് മുടക്കാതിരിക്കുകയെന്നത് ഉപഭോക്താവിന്റെ ആവശ്യമായി മാറി. വായ്‌പകള്‍ ജീവിതത്തിന്റെ ഭാഗമായിരിക്കെ വായ്‌പാ യോഗ്യതയില്‍ പിന്നോക്കം പോകാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഉപഭോക്താവ് തന്നെയാണ്. ഈ മാറ്റമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും മറ്റും കിട്ടാക്കട ഭീതിയില്ലാതെ ‘ഉദാരമായി’ വായ്‌പ കൊടുക്കാനുള്ള സാഹചര്യമൊരുക്കിയത്.
ഇഎംഐ സംസ്‌കാരം വ്യാപകമായതോടെ സാധനങ്ങള്‍ വാങ്ങുന്നത് നീട്ടിവെക്കേണ്ടതില്ലെന്ന തോന്നലാണ് ഉപഭോക്താക്കളില്‍ ശക്തമായത്. മൊബൈല്‍ ഫോണും ടിവിയും റഫ്രിജറേറ്ററും വാഷിംഗ് മെഷീനും വാങ്ങുന്നതിന് മുമ്പ് കൈവശം പണമുണ്ടോയെന്ന് നോക്കേണ്ട ആവശ്യം ഇല്ലാതായി. എല്ലാ മാസവും ഇഎംഐ തിരിച്ചടയ്‌ക്കാന്‍ കഴിയുമോ എന്നത് മാത്രമായി സാധനം വാങ്ങണോയെന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്‌ഡം.