കെ.അരവിന്ദ്
വായ്‌പ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണെന്ന കാര്യം പൊതുവെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരാളുടെ വായ്‌പാ ചരിത്രം വിശകലനം ചെയ്യുന്നതിന് സഹായകമാണ് ക്രെഡിറ്റ് സ്‌കോര്‍. സാധാരണ രീതിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് വായ്‌പാ അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ വായ്‌പാ ലഭ്യതയില്‍ മാത്രമല്ല പ്രധാനമാകുന്നത്. ജോലി ലഭ്യമാകുന്നതില്‍ പോലും ഇന്ന് ക്രെഡിറ്റ് സ്‌കോര്‍ ഒരു പ്രധാന മാനദണ്‌ഡമായി തീര്‍ന്നിരിക്കുന്നു.
നിലവില്‍ ഏതാനും ചില മേഖലകളിലെ റിക്രൂട്ട്‌മെന്റിലാണ് ക്രെഡിറ്റ് സ്‌ക്രീനിംഗ് ഒരു മാനദണ്‌ഡമായി വരുന്നത്. ടെലികോം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ തുടങ്ങിയ മേഖലകളില്‍ ജോലിക്ക് ആളെയെടുക്കുമ്പോള്‍ അപേക്ഷകന്റെ വായ്‌പാ ചരിത്രം പരിശോധിക്കുന്നത് സാധാരണമായി കഴിഞ്ഞു. ഐആര്‍ഡിഎ, സെബി, ട്രായ് തുടങ്ങിയ റെഗുലേറ്ററി ഏജന്‍സികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് അപേക്ഷകന്റെ മറ്റ് യോഗ്യതകള്‍ക്കു പുറമെ ക്രെഡിറ്റ് സ്‌കോര്‍ കൂടി പരിഗണിക്കുന്നത്.
മറ്റ് മേഖലകളിലെ സ്ഥാപനങ്ങളും ഈ രീതി പിന്തുടരാന്‍ സാധ്യതയുണ്ടെന്ന് കരിയര്‍ വിദഗ്‌ധര്‍ പറയുന്നു. ഒരു അപേക്ഷകന്റെ സാമ്പത്തിക ബാധ്യതയും കടം തിരിച്ചടക്കുന്ന കാര്യത്തിലുള്ള പ്രതിബദ്ധതയും എത്രത്തോളമെന്ന് വിലയിരുത്താനുള്ള മികച്ച മാര്‍ഗമാണ് ക്രെഡിറ്റ് സ്‌കോര്‍.
വായ്‌പയെടുത്താല്‍ ഇടയ്‌ക്കിടെ തിരിച്ചടവ് മുടക്കുന്നത് സാമ്പത്തികമായ അച്ചടക്കമില്ലായ്‌മയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ ഒരു കരാറിലേര്‍പ്പെട്ടാല്‍ അത് പാലിക്കാതിരിക്കുന്ന നിരുത്തരവാദിത്ത സ്വഭാവത്തെയും അത് കാണിക്കുന്നു. ഇത്തരക്കാരെ പൊതുവെ കമ്പനികള്‍ ജോലിക്കെടുക്കാന്‍ താല്‍പ്പര്യം കാണിക്കില്ല. അമിത കടബാധ്യത സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനും നിയമ വിരുദ്ധ പ്രവൃത്തികളിലേക്ക് തിരിയാനും പ്രേരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം അയാളുടെ പ്രകൃതത്തെ പൊതുവെ ബാധിക്കാറുണ്ട്. സാമ്പത്തികമായ അച്ചടക്കമില്ലായ്‌മയും അധിക ബാധ്യതകളും ഒരാളുടെ ജോലിയിലുള്ള സമര്‍പ്പണത്തെയും ശ്രദ്ധയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത യുണ്ട്. തൊഴിലിലെ കാര്യക്ഷമതയെ ബാധിക്കും വിധം ഉയര്‍ന്ന കടബാധ്യതയുള്ളവരെ അതുകൊണ്ടുതന്നെ കമ്പനികള്‍ ഒഴിവാക്കാനാണ് താല്‍പ്പര്യപ്പെടുക.
അതുകൊണ്ട് അഭിമുഖങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം പോര, മികച്ച അക്കാദമിക യോഗ്യത നേടിയെടുത്താല്‍ മാത്രം മതിയാകില്ല, ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായി നിലനിര്‍ത്താനും തൊഴില്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പൊതുവെ 700ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായാണ് വിലയിരുത്താറുള്ളത്.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വ്യക്തികളുടെ മുന്‍കാല വായ്‌പ സംബന്ധിച്ച വിവരങ്ങള്‍, വായ്‌പകളുടെ തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇവയെല്ലാം പരിഗണിച്ചാണ് ക്രെഡിറ്റ് ബ്യൂറോകള്‍ ക്രെഡിറ്റ് ഹിസ്റ്ററി തയാറാക്കുന്നത്. ഭവനവായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് വായ്‌പ തുടങ്ങിയ എല്ലാതരം വായ്‌പകളുടെയും വിശദാംശങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം വിശദാംശങ്ങളെല്ലാം ഉള്‍പ്പെട്ട വായ്‌പാ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ബ്യൂറോകള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്.











