തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. കോസില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ അപ്പീലിനെതിരെ ശരത്‌ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും.
കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ തേടി ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിയ്ക്കും നാല് തവണ സിബിഐ കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ രേഖകളോ ഒന്നും സംസ്ഥാന പോലീസ് നല്‍കിയിരുന്നില്ല. കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തി ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിനൊപ്പം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്.











