കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലെ അശ്വിനി ആശുപത്രി അടച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
അശ്വിനി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് പനി കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 24-ാം തീയ്യതി രോഗലക്ഷണങ്ങളോടെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി മൂന്ന് ദിവസമാണ് ചികിത്സയിലുണ്ടായിരുന്നത്.
അതേസമയം കോഴിക്കോട് കുന്ദമംഗലം കെഎസ്ഇബി കരാര്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരച്ചതോടെ ഇയാളുടെ കൂടെ ജോലി ചെയ്യുന്ന അറുപതോളം കരാര്‍ ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തും. രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം കുന്ദമംഗലം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് ആശങ്ക ഉയരുമ്പോള്‍ കോഴിക്കോട് മാത്രം ആകെ 704 പേരാണ് ചികിത്സയില്‍ ഉള്ളത്. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് 42 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം കോഴിക്കോട് സ്വദേശിയായ ഒരാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയില്‍ തുടരുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയത്.












