പത്തനംതിട്ട: കഴിഞ്ഞ ദിവസം തുറന്ന പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍മ ശേഷിയിലെത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസമായി.
ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് പുറത്തേക്കുവിട്ടത്. ഇതിനെ തുടര്‍ന്ന് പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍ നിന്നും വരുന്ന വെള്ളം പമ്പാ ത്രിവേണിയിലൂടെയാണ് പമ്പാ നദിയിലേക്ക് ചേരുന്നത്. 986.332 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള പമ്പ ഡാമില്‍ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകള്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് തമിഴ്‌നാട് ഷോളയാറില്‍ നിന്ന് വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. എന്നാല്‍ പെരിങ്ങല്‍കുത്ത് ഡാമിലേക്ക് വെള്ളം എത്തിയില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തമിഴ്‌നാട് മൂന്ന് ഷട്ടറുകളും അടച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 136.35 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി.അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും.
വണ്ടിപ്പെരിയാര്‍, വള്ളക്കടവ് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക. ഏകദേശം 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയി ഉയര്‍ന്നത്.
ജലനിരപ്പ് 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് പറഞ്ഞു. ഇത് സംബന്ധിച്ച് കത്ത് തമിഴ്നാടിന് നല്‍കും. പ്രദേശത്തുള്ള കുറച്ചാളുകളെ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഡാം തുറക്കേണ്ടി വന്നാല്‍ പകല്‍ തന്നെയാകും തുറക്കുകയെന്നും കളക്ടര്‍ പറഞ്ഞു.











