പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം. മല്ലപ്പള്ളി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി പ്രതിഷേധ പ്രകടനം നടത്തി. ആനിക്കാട്, മല്ലപ്പള്ളി മണ്ഡലം കണ്‍വെന്‍ഷനുകള്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. ചിലരെ അവഗണിക്കുകയും മറ്റൊരു വിഭാഗത്തെ ഒഴിവാക്കുന്നുവെന്ന ആരോപണമാണ് പി.ജെ കുര്യനെതിരെ ഉയരുന്നത്.
മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റജി പണിക്കമുറിയെ അകാരണമായി മാറ്റി അടുത്ത കാലത്ത് കേരള കോണ്‍ഗ്രസില്‍ നിന്ന് എത്തിയ മറ്റൊരാളെ നിയമിച്ചത് മുതല്‍ പാര്‍ടിയില്‍ അസ്വാരസ്യം പുകയുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോര്‍ജിനെ നീക്കി പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള മറ്റൊരാളെ നിയമിച്ചതോടെയാണ് കലാപം മറനീക്കി പുറത്തുവന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നേതാക്കന്‍മാരുടെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം നേതാക്കളെ കെപിസിസി നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതിന്റെ ഭാഗമായാണ് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തവര്‍ പ്രതിഷേധം രേഖപ്പെടുത്തി യോഗം ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസ് നേതാവായ ആനിക്കാട് ബാങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ യുഡിഎഫ് തന്നെ നീക്കം ചെയ്തിരുന്നു.
ചില യുഡിഎഫ് നേതാക്കളുടെ അഴിമതിക്ക് ഒത്താശ ചെയ്യാത്തതാണ് പ്രസിഡന്റിനെ മാറ്റാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. പി ജെ കുര്യനെതിരെ ഘടകകക്ഷികളും കലിപ്പിലാണ്.ത്രിതല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയുമാണ് കോണ്‍ഗ്രസില്‍.