English മലയാളം

Blog

CHENNITHALA

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളതെന്ന്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല   ആരോപിച്ചു.    സര്‍ക്കാരിനെ  കരിവാരിതേക്കാന്‍  ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ  ഇനി എവിടെ കരിവാരിതേക്കാനാണ്.  ലൈഫിന് വേണ്ടി നൂറു കോടിയുടെ  പദ്ധതി നടപ്പിലാക്കാന്‍ സ്വപ്നയെ ആരാണ് ചുമതലപ്പെടുത്തിയത്.  ഈ  പദ്ധതിയില്‍ പതിനഞ്ച് ശതമാനം കമ്മീഷന്‍  നല്‍കാന്‍ ആരാണ് തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലൈഫ് പദ്ധതി നടപ്പാക്കാന്‍ യൂണിടെക് പോലുള്ള  കമ്പനിയെ ആരാണ്  തിരുമാനിച്ചത്. ഇതിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രിക്ക്  കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടി തന്നിട്ടില്ലെന്നും  പ്രതിപക്ഷനേതാവ്  പറഞ്ഞു.    കന്റോണ്‍മെന്റ്   ഹൗസില്‍  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വസ്തുതകള്‍ ഒരോന്നായി പുറത്ത് വരുമ്പോള്‍ അതിനൊന്നും വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എന്നിട്ട് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

പതിനേഴായിരം കിലോ  ഈന്തപ്പഴം   നയതന്ത്രമാര്‍ഗത്തിലൂടെ കൊണ്ടുവന്നു എന്ന വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്.   ഈന്തപ്പഴമാണോ  അതിന്റെ മറവില്‍ മറ്റെന്തെങ്കിലുമാണോ വന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.      യു എ ഇ കോണ്‍സുലേറ്റിന്  ഈന്തപ്പഴത്തിന്റെ  കച്ചവടം  ഉണ്ടാകാന്‍ സാധ്യതയില്ലെന്നിരിക്കെ  ഈന്തപ്പഴത്തിന്റെ  മറവില്‍  വലിയ തോതിലുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്  തന്നെയാണ് നടന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  പതിനേഴായിരം  കിലോ  ഈന്തപ്പഴത്തിന്റെ മറവില്‍ കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.

Also read:  വിവാദ പ്രസ്താവന: പ്രേമചന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് യു എ  ഇ  എംബസിയില്ല കോണ്‍സുലേറ്റ് മാത്രമാണുള്ളത്. അപ്പോള്‍ ഇതൊക്കെ പരിശോധിക്കേണ്ടയാള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസറാണ്.  പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ച് അനുമതി കൊടുത്തോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പതിനേഴായിരം കിലോ  ഇന്തപ്പഴം ഇറക്കുമതി ചെയ്തുവെന്ന് രേഖയിലുണ്ട്,  അപ്പോള്‍ അതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്.  ഇതെല്ലാം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍  രാഷ്ട്രീയം കളിക്കുന്നവെന്നാണ് ഇപ്പോള്‍   സി പി എം  പറയുന്നത്. മുഖ്യമന്ത്രി കത്തയച്ചാണ് എന്‍ ഐ എയും, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ വിളിച്ച്  കൊണ്ടുവന്നത്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ മകനെ ചോദ്യം ചെയ്തപ്പോള്‍   എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് രാഷ്ട്രീയം കളിക്കുവെന്നാണ് പറയുന്നത്.    ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് നേരെ നീങ്ങുമ്പോഴും ,മന്ത്രിപുത്രനിലേക്ക് അന്വേഷണം നീളുമ്പോഴും  ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പറയുന്നത്.

Also read:  ചികിത്സാപ്പിഴവ്: മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

ഇ ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നാണ് ഇതുവരെ മുഖ്യമന്ത്രി  പറഞ്ഞിരുന്നത്.    അന്വേഷണം മുന്നോട്ട്  പോകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ്  വര്‍ധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്.  ഇ പി ജയരാജന്റെയും കെ ടി  ജലീലിന്റെയും നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. അല്ലാതെ യു ഡി എഫിലെ  ആരുടെയുമല്ല.   മന്ത്രി ഇ പി ജയരാജന്റെ ഭാര്യ  ക്വാറന്റൈനില്‍ കഴിയുമ്പോള്‍ അത് ലംഘിച്ച്   ലോക്കര്‍ പരിശോധിക്കാന്‍ പോയതെന്തിനാണെന്നും  രമേശ് ചെന്നിത്തല ചോദിച്ചു. സ്വപ്ന സുരേഷുമായി  ഇ  പി ജയരാജന്റെ മകന് എന്താണ്  ബന്ധമെന്നും വ്യക്തമാക്കണം.

Also read:  പാലാരിവട്ടം പാലം പൊളിക്കൽ തുടരുന്നു; മന്ത്രി ജി.സുധാകരൻ

ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല. ആദ്യം   കൂടെ  നില്‍ക്കുന്നവരെ മര്യാദക്ക് നിര്‍ത്തണം. അഴിമതി  നടത്തുന്നരെ കൂടെ നിര്‍ത്തിയിട്ട് അഴിമതി  പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി മുരളീധരന്റെ  പ്രസ്താവന ആരെ രക്ഷിക്കാനെന്ന് വ്യക്തമാക്കണം:  

നയതന്ത്ര ബാഗ് വഴി  സ്വര്‍ണ്ണംകടത്തിയിട്ടില്ലെന്ന   കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന ആരെ രക്ഷിക്കാനുള്ളതാണെന്ന്  വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുവെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍.  കേന്ദ്ര ധനകാര്യ സഹമന്ത്രി   പറയുന്നത് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്ത് നടന്നുവെന്നാണ്.   രണ്ടു കേന്ദ്ര മന്ത്രിമാരും  രണ്ടുവിധത്തില്‍   സംസാരിക്കുന്നത്   അതീവ ഗൗരവമുള്ള കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.