തിരുവനന്തപുരം: വാഹനങ്ങളിലെ ഫിലിമും കര്‍ട്ടനും മാറ്റണമെന്ന നിയമം ലംഘിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും. കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് മാത്രമാണ് നിയമം ബാധകമെന്ന കാഴ്ചകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പരിശോധിക്കുന്നില്ല.
ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ ആരംഭിച്ച വാഹന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഇന്നലെ പിടിച്ചത്. നിലവില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായുളള പരിശോധന. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയത്.












