മിമിക്രി ആര്‍ട്ടിസ്റ്റായി കരിയർ തുടങ്ങി മലയാളത്തിൽ വിവിധ വേദികളിൽ നിറഞ്ഞ കയ്യടി നേടിയ താരമാണ് ടിനി ടോം.അവിടുന്ന് മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി. ഇപ്പോൾ മലയാളം കടന്ന് തമിഴിലേക്ക് ചുവടു വയ്ക്കുകയാണ് താരം. സ്‌ത്രൈണതയുള്ള വില്ലന്‍ വേഷത്തിൽ ”ഓപ്പറേഷന്‍ അരപ്പൈമ’ എന്ന ചിത്രത്തിലൂടെയാണ് ടിനി ടോം തന്‍റെ അരങ്ങേറ്റം കുറിക്കുന്നത് .
“കൊവിഡ് പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ നാല് ഭാഷകളിലായി ആണ് പ്രദര്‍ശനം ചെയ്യുന്നതെന്ന് ടിനി ടോം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ജിത്തു ജോസഫ്, മേജര്‍ രവി എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നവാഗതനായ പ്രശാന്ത് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് റഹ്മാന്‍ ആണ്. ഒരു റിവഞ്ച് ത്രില്ലര്‍ സിനിമയായാണ് ഓപ്പറേഷന്‍ അരപൈമ ഒരുങ്ങുന്നത്. കടലിലൂടെയുള്ള ഡ്രഗ് ട്രാഫിക്കിങ് പ്രമേയമാക്കിയാണ് സിനിമ. സംവിധായകൻ പ്രശാന്ത് മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു. സംവിധായകന്റെ അനുഭവ സമ്പത്ത് കൂടി ചേർത്താണ് കഥയൊരുക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുന്ന ഒരു നാവികോദ്യോഗസ്ഥൻ. അയാളുടെ ജീവിതകഥയുമായി ബന്ധപ്പെടുത്തിയ കഥയാണ് ചിത്രം. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ അടൂരാണ്.
ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ആമസോണില്‍ കാണപ്പെടുന്ന അരപൈമ. ഏവരോടും ഇണങ്ങുന്ന മത്സ്യം പക്ഷേ ആക്രമിക്കപ്പെട്ടാല്‍ വളരെ അപകടകാരിയാണ്. ഇതിലെ നായകനും ഇത്തരത്തിലുള്ള ഒരാളാണ്. അതിനാലാണ് ‘ഓപ്പറേഷന്‍ അരപൈമ’ എന്ന പേര് ചിത്രത്തിന് നൽകിയിരിക്കുന്നതെന്ന് സംവിധായകൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.



















