തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം മനസിലാക്കിയില്ലെന്നും അവരോട് സംസാരിച്ചിച്ചെന്നും ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയിട്ടുള്ളതെന്നും തന്റെ കാലത്ത് പകരം ലിസ്റ്റ് വരാതെ പഴയ ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല. തന്നെ എന്തുവേണമെങ്കിലും പറയട്ടെ. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുന്‍പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രതിപക്ഷ നേതാക്കളാരും ഒന്നും അറിയാത്തവരല്ലെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നുവെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.












