കൊല്ലം: ഒരു വിദ്യാര്‍ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തൊന്‍പതാം തിയതി മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്.
തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ഇരുപതാം നമ്പര്‍ മുറിയിലാണ് വിദ്യാര്‍ത്ഥിനി കീം പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത അമ്മയ്ക്കും അമ്മാവനും കോവിഡ് നെഗറ്റീവ് ആണ്.
ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടുമായി പരീക്ഷയെഴുതി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടിക്കൊപ്പമെത്തിയ മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്‌കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിയ എല്ലാ രക്ഷിതാക്കളോടും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചു. ഹാളില്‍ പരീക്ഷയെഴുതിയ 20 പേരെയും ഇന്‍വിജിലേറ്റര്‍മാരെയും വോളണ്ടിയര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിനെ എതിര്‍ത്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളെല്ലാം തിങ്ങിനിറഞ്ഞ അവസ്ഥയായിരുന്നു.