ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.
മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.