കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത് അപകടരമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അബുദാബിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തം.
അബുദാബി : കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമാകുന്നതിന്നിടെ ഇത് കുട്ടികളെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍.
കുട്ടികളില്‍ ഒമിക്രോണ്‍ ബാധിക്കുന്നതായി ലോക രാജ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നേരത്തെ, കോവിഡ് ബാധ മുതിര്‍ന്നവരില്‍ മാത്രമാണ് കൂടുതലായി കണ്ടിരുന്നത്. എന്നാല്‍, പുതിയ വകഭേദം കുട്ടികളിലും കണ്ടെത്തിയിട്ടുണ്ട്.
ശ്വാസതടസം പോലുള്ള രോഗലക്ഷണങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. അതേസമയം, വാക്‌സിന്‍ എടുക്കാത്ത കുട്ടികളിലാണ് ഒമിക്രോണ്‍ കൂടുതലായും കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വരും മാസങ്ങളില്‍ കുട്ടികളെ വലിയതോതില്‍ ഇതു ബാധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചു കഴിഞ്ഞു.
യുഎഇയില്‍ കുട്ടികള്‍ക്കായി കുത്തിവെപ്പ് ക്യാംപെയിന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്നുണ്ട്. മൂന്നു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാം പോലുള്ള വാക്‌സിന്‍ യുഎഇ നല്‍കി തുടങ്ങിയിരുന്നു. 12 വയസ്സിനു മേലുള്ളവര്‍ക്ക് ഫൈസര്‍ വാകിസിനാണ് നല്‍കുന്നത്.
കോവിഡ് രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
ഒമിക്രോണ്‍ മുതിര്‍ന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. എന്നാല്‍, കുട്ടികളെ പ്രതികൂലമായി ഇത് ബാധിക്കുമെന്നാണ് സൂചനകള്‍.
കുട്ടികളുടെ ശ്വാസകോശ നാളം ഇടുങ്ങിയതായതിനാല്‍ വൈറസ് ബാധ ഗുരുതരമായേക്കാമെന്നാണ് വിദഗ്ധരുടെ അനുമാനം.











