ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും എന്നും നിങ്ങള്‍ പ്രവര്‍ത്തനം തുടരണമെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചികിത്സയ്ക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഫിറോസിനെതിരെ കടുത്ത വിമര്‍ശനവും ആക്ഷേപങ്ങളുമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് സംവിധായകന്‍ പിന്തുണയുമായി എത്തിയത്.
ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും. എന്റെ അറിവില്‍ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതേ പകച്ചു നിന്ന രണ്ട് കുടുബങ്ങളെ ഫിറോസിന്റെ ഇടപെടല്‍ മൂലം അസുഖം എല്ലാം ഭേദമായി ഇന്ന് സന്തോഷമായിരിക്കുന്നു.ഇനി ഫിറോസിന്റെ കാറും 3000sq.feet വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കില്‍ നിങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ല.
ദൈവം അനുഗ്രഹിക്കട്ടെ.