ഒമാനിലെ ജനസംഖ്യയില്‍ 1.04 ശതമാനത്തിന്റെ വര്‍ദ്ധനവ്. ജനസംഖ്യയില്‍ 38.06 ശതമാനം പ്രവാസികള്‍
മസ്‌കത്ത് : ഗള്‍ഫ് രാജ്യമായ ഒമാനിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം ആകെ ജനസംഖ്യ 1.04 ശതമാനം ഉയര്‍ന്ന് 45,27,446 ആയി.
ആകേ ജനസംഖ്യയുടെ 38.06 ശതമാനമാണ് പ്രവാസികളുടെ ജനസംഖ്യ. 17,23,329 പ്രവാസികളാണ് 2021 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരമുള്ളത്. പ്രവാസികളില്‍ ഒന്നാം സ്ഥാനം ബംഗ്ലാദേശികള്‍ക്കാണ്. 2021 ലെ കണക്കുകള്‍ പ്രകാരം 546,615 ബംഗ്ലാദേശികളാണ് രാജ്യത്തുള്ളത്. ഇന്ത്യക്കാരുടെ എണ്ണം 491427 ആണ്. മൂന്നാം സ്ഥാനം പാക്കിസ്ഥാനികള്‍ക്കാണ് 1,82,885.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും മറ്റും നിരവധി പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. രാജ്യത്തെ പ്രവാസികളില്‍ ഏറിയപേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്.
കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് മൂന്നു ലക്ഷത്തോളം പ്രവാസികളാണ്.
അറുപതുവയസ്സുകഴിഞ്ഞവര്ക്ക് തൊഴില്‍ വീസ പുതുക്കി നല്‍കാന്‍ അടുത്തിടെയാണ് ഒമാന്‍ ഭരണകൂടം തീരുമാനിച്ചത്. വിരമിച്ച ശേഷവും അഞ്ചു വര്‍ഷത്തേക്കുള്ള വീസ ഇതനുസരിച്ച് പ്രവാസികള്‍ക്ക് ലഭിക്കും.