പ്രവാസികള്‍ക്ക് നല്‍കുന്ന വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന നടപടികള്‍ പൂര്‍ത്തിയായി
മസ്കത്ത് : രാജ്യത്തെ തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയതായി തൊഴില്‍ മന്ത്രി ഡോ മഹദ് ബിന്‍ സെയിദ് ബാവൊയിന്‍ അറിയിച്ചു.
വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന പൂര്‍ത്തിയായി. ഇതിനൊപ്പം കുറഞ്ഞ വേതനം സംബന്ധിച്ച കാര്യത്തിലും പുനപരിശോധനയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
മിനിമം വേജ് ഇപ്പോള്‍ 350 ഒമാനി റിയാലാണ് ഇത് പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും വാടക, അവശ്യവസ്തു വിലക്കയറ്റം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, കോവിഡ് മൂലം ഉണ്ടായ ആരോഗ്യ പരിരക്ഷാ വിഷയങ്ങള്‍ എല്ലാം മാനദണ്ഡമാക്കിയാകും പുതിയ മിനിമം വേജ് നടപ്പിലാക്കുക.
മിനിമം വേജ് വര്‍ദ്ധിപ്പിക്കണമെന്ന് പല കോണുകളിലും നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ജോലി മാറുന്നതിന് തൊഴിലുടമയില്‍ നിന്നും എന്‍ഒസി ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള നിയമങ്ങള്‍ ഒഴിവാക്കിയാകും പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക.
ഒമാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2040 പ്രകാരം ശാസ്ത്ര ഗവേഷണവും, മത്സരക്ഷമതയും, അറിവ് അടിസ്ഥാനമാക്കിയ സമൂഹവും മാനവ വിഭവ ശേഷി മേന്‍മയും തൊഴില്‍ മേഖലയുടെ സര്‍വ്വോതോന്‍മുഖമായ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കണ്ടെത്തി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.