മസ്കത്ത്: ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 2022 ആദ്യം മുതല്‍ ഒമാനില്‍ നികുതി ചുമത്തും. എണ്ണവിലയില്‍ കുറവും കോവിഡ് മഹാമാരിയും നിമിത്തം വര്‍ധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍ മാറും. വരുമാന നികുതിയടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ഇടക്കാല ധനസന്തുലന പദ്ധതി ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 19 ശതമാനമായിരിക്കും ഒമാന്റെ ഈ വര്‍ഷത്തെ ബജറ്റ് കമ്മി. 2024ഓടെ ഇത് 1.7 ശതമാനമായി കുറക്കുക ലക്ഷ്യമിട്ടാണ് സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താനുള്ള തീരുമാനം.
നികുതി ഈടാക്കുന്നതിനുള്ള വരുമാന പരിധിയോടൊപ്പം നടപ്പാക്കുന്നത് എങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ പഠന വിധേയമാക്കിവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂല്യവര്‍ധിത നികുതിയും ധന സന്തുലന പദ്ധതിയുടെ ഭാഗമാണ്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യവര്‍ധിത നികുതി രാജ്യത്ത് നടപ്പാകും