ഒമാനി ജനതയുടെ കഠിനാദ്ധ്വനത്തിനൊപ്പം ദീര്‍ഘവീക്ഷണത്തോടെ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ ഭരണ നേതൃത്വങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ഒമാനെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചത്.
മസ്കറ്റ് : ഒമാന്റെ സാരഥ്യം ഏറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷിക നിറവിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് .
കോവിഡും ആഗോള സാമ്പത്തിക തളര്‍ച്ചയും അലട്ടിയ വേളയിലാണ് സുല്‍ത്താന്‍ ഹൈതം ആകസ്മികമായി ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്.
ആധുനിക ഒമാന്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സാഈദിന്റെ വേര്‍പാടിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ ഹൈതം അധികാരമേറ്റത്.
ബുസൈദി രാജവംശത്തിന്റെ ഒമ്പതാമത്തെ സുല്‍ത്താനാണ് ഹൈതം. അധികാരമേറ്റതിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് 229 പേര്‍ക്ക് ജയില്‍ മോചനം നല്‍കിയിട്ടുണ്ട്. ഇതില്‍ 70 പേര്‍ പ്രവാസികളാണ്. നല്ലനടപ്പിനെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് മോചനം ലഭിക്കുന്നത്.
2020 ജനുവരി 10 നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിക്കുന്നത്. മക്കളോ സഹോദരങ്ങളോ ഇല്ലാത്ത അദ്ദേഹത്തിന്റെ വില്‍പത്ര പ്രകാരമാണ് കിരീടാവകാശിയെ നിശ്ചയിച്ചത്.
സുല്‍ത്താന്‍ ഹൈതം അധികാരമേറ്റ ഉടനെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴി തെളിയിക്കുന്ന വിഷന്‍ 2040 എന്ന പദ്ധതി പ്രഖ്യാപിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലും രാജ്യത്തെ കരുത്തോടെ നയിക്കുന്ന ഭരണാധികാരിയായാണ് സുല്‍ത്താന്‍ ഹൈതമിനെ അറിയപ്പെടുന്നത്. വാറ്റ് നടപ്പിലാക്കിയും അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കിയുമാണ് പ്രതിസന്ധി ഘട്ടത്തില്‍ ഒമാന്‍ ആടിയുലയാതെ പിടിച്ചു നിന്നത്.
കോവിഡ് കാലത്തെ ദേശീയദിനാഘോഷം പോലും ലളിതമായാണ് നടത്തിയത്. എണ്ണയെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക വൈവിധ്യത്തിനുള്ള പദ്ധതികളാണ് ഒമാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിയും മത്സ്യബന്ധനവും ടൂറിസവും മികച്ച വ്യവസായമാണ്.
ആരോഗ്യ മേഖലയിലും മറ്റും നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും അച്ചടക്കവുമാണ് കോവിഡ് രോഗ പ്രതിരോധം ഫലപ്രദമായി നടത്താന്‍ ഒമാന് കഴിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഒമാനില്‍സ റിപ്പോര്‍ട്ട് ചെയ്യുന്നത്.