കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക് പുറമെ ഫാമിലി ജോയിനിങ് വിസയിലുള്ളവർക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കാവുന്നതാണ്.
തിരികെ വരേണ്ടവരുടെ വിസ ഏത് കമ്പനിക്ക് കീഴിലാണോ ആ കമ്പനിയുടെ ലെറ്റർഹെഡിലാണ് അപേക്ഷ നൽകേണ്ടത്. പാസ്പോർട്ട്, വിസ,റസിഡന്‍റ് കാർഡ് കോപ്പികൾ എന്നിവ ഇമെയിലിൽ അറ്റാച്ച് ചെയ്യണം. ഇതോടൊപ്പം നാട്ടിൽ നിന്ന് അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ട സാഹചര്യവും ഇമെയിലിൽ വിശദമാക്കണം. CONSULAR@MOFA.GOV.OM എന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകുക.
ഇങ്ങനെ അനുമതി നൽകുന്നവരുടെ പട്ടികയാണ് എയർ ഇന്ത്യ എക്സ്പ്രസിന് കൈമാറുക. തിരികെ വരുന്നവർക്കുള്ള ടിക്കറ്റിന് എയർഇന്ത്യ എക്സ്പ്രസ് 220 റിയാൽ മുതൽ 230 റിയാൽ വരെ ടിക്കറ്റ് ചാർജ് ഈടാക്കും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾക്കാണ് വിദേശകാര്യ മന്ത്രാലയം മുൻഗണന നൽകുന്നത്. ഒപ്പം ലോക്ഡൗണിൽ നാട്ടിൽ കുടുങ്ങിയ കുട്ടികളടക്കം ഫാമിലി വിസയിലുള്ളവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്.












